മലദ്വാരത്തിനുള്ളിലെ ആവരണത്തിന്(mucosa) തൊട്ടുതാഴെ കാണുന്ന പാളിയിൽ, (submucosa)മലദ്വാരം ഒരു ക്ലോക്കിന്റെ ഡയലായി സങ്കൽപ്പിച്ചാൽ 3,7,11 എന്നീ അക്കങ്ങൾ വരുന്ന ഭാഗത്ത് മൂന്ന് കുഷൻ പോലുള്ള തടിപ്പുകൾ കാണുന്നുണ്ട്. ഇത്തരം എല്ലാ മനുഷ്യരിലും സാധാരണയായി കാണുന്നുണ്ട്(anal cushions). ഇത്തരം anal cushions ൽ ഉണ്ടാകുന്ന വീക്കം (inflammed/ swollen anal cushions) ആണ് പൈൽസിന് കാരണം .ഇത് Hamish Thomson എന്ന ഡോക്ടറുടെ ഏറ്റവും നൂതനവും ആധികാരികവുമായ Anal cushion Theory എന്നറിയപ്പെടുന്നു
പൈൽസ് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം?
നീണ്ടുനിൽക്കുന്ന മലബന്ധം ,മലം വെളിയിലേക്ക് പോകുവാൻ ശക്തിയായി നിത്യേന മുക്കുക ,നാരു കുറഞ്ഞ ഭക്ഷണങ്ങൾ, വേണ്ടത്ര അളവിൽ വെള്ളം കുടിക്കായ്‌ക, മലവിസർജനത്തിനായി ഒത്തിരി സമയം ഇരിക്കുക, നീണ്ടുനിൽക്കുന്ന വയറിളക്കം, അടിവയറിൽ അധികമായ സമ്മർദ്ദം വരുന്ന അവസ്ഥകളായ ഗർഭകാലം, കരൾ രോഗം കൊണ്ടുള്ള കുംഭകാമല(ascites), ശക്തമായ പാരമ്പര്യ സ്വഭാവം,വൻകുടലിൽ വീക്കവും മുറിവുകളും ഉണ്ടാകുന്ന ulcerative colitis, crohn’s തുടങ്ങിയ രോഗങ്ങൾ ഉളളവർ, ഒത്തിരി സമയം ഇരുന്നു ജോലിചെയ്യുന്നവർ, മലദ്വാരഭാഗത്ത് ക്ഷതമേൽക്കാൻ സാധ്യതയുള്ള ഡ്രൈവർമാർ തുടങ്ങിയവരിലും പൈൽസ് രോഗം വരാൻ സാധ്യത കൂടുതലാണ്.
പൈൽസ് രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
- വേദനയില്ലാത്ത മലദ്വാര രക്തസ്രാവം-ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണിത്. ഇപ്രകാരം ഉണ്ടാകുന്ന രക്തസ്രാവം കടും ചുവപ്പ് നിറത്തിലുള്ളതാകും. മലശോധന കഴിഞ്ഞ് വൃത്തിയാക്കുമ്പോൾ ആണ് ശ്രദ്ധയിൽപ്പെടുന്നത്. ചിലപ്പോൾ രക്തം തുള്ളിത്തുള്ളിയായി പോകുകയോ ചീറ്റി പോവുകയോ ചെയ്യാം. ചില സമയങ്ങളിൽ കുറച്ച് രക്തം ഉള്ളിൽ കെട്ടി നിന്ന് പിന്നീട് കടും നിറത്തിലോ രക്തക്കട്ടകൾ ആയോ പോകാം.
- തള്ളി വരുക-രോഗം കൂടുതൽ മൂർച്ഛിച്ചു മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും എത്തുമ്പോൾ മലശോധന സമയത്ത് ഉള്ളിൽ നിന്നും ഒരു മാംസം പോലെ വെളിയിലേക്ക് ഇറങ്ങിവരുന്നതായി അനുഭവപ്പെടും.
- തൃപ്തിയാകാത്ത മലശോധന-മൂന്നാം ഘട്ടത്തിലെയും നാലാം ഘട്ടത്തിലെയും പൈൽസ് രോഗത്തിൽ മലശോധനയ്ക്കുശേഷം വീണ്ടും വീണ്ടും പോകണമെന്ന തോന്നൽ ഉണ്ടാകാം. അതുപോലെ തന്നെ മലദ്വാരത്തിനുള്ളിൽ എന്തോ തിങ്ങി വിങ്ങിനിൽക്കുന്നത് പോലെ തോന്നിയേക്കാം.
- സ്രാവം പുറത്തേക്ക് കിനിഞ്ഞ് ഇറങ്ങുക-മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും എത്തുമ്പോൾ മലദ്വാര ഭാഗത്ത് കൃത്യമായ അടവ് ഉണ്ടാകാതെ ഉള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൊഴുത്ത സ്രാവം ചിലപ്പോൾ കുറച്ച് മലത്തിൻറെ അംശത്തോടുകൂടി പുറത്തേക്ക് കിനിഞ്ഞ് വരാറുണ്ട് .ഇത് അടിവസ്ത്രത്തിൽ പറ്റിപ്പിടിച്ചേക്കാം.
- ചൊറിച്ചിലും അസ്വസ്ഥതകളും- പൈൽസ് മൂന്നാംഘട്ടത്തിലും നാലാം ഘട്ടത്തിലും എത്തുമ്പോൾ കുറച്ച് ആന്തരിക പൈൽസിന്റെ ഭാഗം തുടർച്ചയായി അടിവസ്ത്രത്തിൽ ഉരയുകയും സ്രവം കിനിയുകയും ചെയ്യുമ്പോൾ ചൊറിച്ചിലും അസ്വസ്ഥതകളും മലദ്വാരഭാഗത്ത് ഉണ്ടായേക്കാം.
- വേദന-സാധാരണയായി പൈൽസിൽ കഠിനമായ വേദന അത്യപൂർവ്വമാണ്. പലപ്പോഴും ബാഹ്യഅർശസ്സിലോ ആന്തരിക അർശസിലോ ത്രോമ്പസ് എന്ന് വിളിക്കുന്ന രക്തക്കട്ടകൾ വന്നു നിറയുമ്പോഴാണ് ശക്തമായ വേദന ഉണ്ടാകുന്നത്. രോഗാണുബാധ ഉണ്ടായാലും വേദന ഉണ്ടാകാം.
മറ്റുള്ള മലദ്വാര രോഗങ്ങളിൽ നിന്നും ലക്ഷണങ്ങൾ കൊണ്ട് പൈൽസിനെ എങ്ങനെ തിരിച്ചറിയാം?
മലദ്വാര ഭാഗത്ത് പലവിധ രോഗങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പൊതുസമൂഹം എല്ലാ രോഗങ്ങളും പൈൽസ് ആണെന്ന് തെറ്റിദ്ധരിച്ച് ചികിത്സിക്കാതിരിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാറുണ്ട്. ഇത് അത്യന്തം അപകടകരമാണ് .മലദ്വാര ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണുകയും മലദ്വാര പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ് .ഇത് ഗുരുതര രോഗങ്ങളെ നേരത്തെ കണ്ടുപിടിക്കുവാനും സങ്കീർണതകളിലേക്ക് പോകാതെ സുഖമായി ചികിത്സിച്ച് മാറ്റുവാനും സഹായിക്കും.
മുകളിൽ പൈൽസിന്റെതായി പറഞ്ഞ ആറ് ലക്ഷണങ്ങൾ മറ്റു രോഗാവസ്ഥകളിലും കണ്ടേക്കാം ഉദാഹരണമായി താഴെപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
1) പെട്ടെന്നുണ്ടാകുന്ന കടുത്ത വേദന(acute pain)-acute fissure, മലദ്വാര ഭാഗത്തുണ്ടാകുന്ന പഴുപ്പ് നിറഞ്ഞ പരുകൾ ,കട്ടിയായ മലം പുറത്തേക്ക് പോകാതെ തടഞ്ഞിരിക്കുക, മലദ്വാര ഭാഗത്തുണ്ടാകുന്ന പരിക്കുകൾ , അർശസിൽ ത്രോമ്പസ് എന്നറിയപ്പെടുന്ന രക്തക്കട്ടകൾ നിറയുക എന്നീ അവസ്ഥകളിലാണ് പെട്ടെന്നൊരു വേദന ഭാഗത്ത് മലദ്വാരഭാഗത്ത് ഉണ്ടായിക്കാണുന്നത്.
2) കാലപ്പഴക്കമുള്ള വേദന (chronic pain)-chronic fissure, മലദ്വാര ഫിസ്റ്റുല, മരദ്വാര സങ്കോചം, പൈൽസിലെ രക്തക്കട്ടകൾ ,മലദ്വാര ഭാഗത്തെ crohn’s disease തുടങ്ങിയവയിലാണ് നീണ്ടുനിൽക്കുന്ന വേദന കാണുന്നത്.
3) മലദ്വാരം വഴിയുള്ള രക്തസ്രാവം-പൈൽസ് അല്ലാതെ മറ്റു രോഗങ്ങളിലും ഇതുണ്ടായേക്കാം. ഉദാഹരണമായി മലദ്വാര ഫിഷർ , മലദ്വാര ക്യാൻസർ, പോളിപ്പുകൾ, മലദ്വാര ഭാഗത്തെ അണുബാധ, thrombus എന്നു വിളിക്കുന്ന രക്തക്കട്ടകൾ താനേ പൊട്ടുക, crohn’s disease, ulcerative colitis തുടങ്ങിയ അവസ്ഥകളിലും മലദ്വാര രക്തസ്രാവം ഉണ്ടായേക്കാം.
4) മലദ്വാര ഭാഗത്തെ ചൊറിച്ചിൽ-പൈൽസിൽ മാത്രമല്ല, മലദ്വാര ചൊറിച്ചിൽ കണ്ടുവരുന്ന മറ്റ് അവസ്ഥകളാണ് മലദ്വാര ഭാഗത്തെ warts, മലനിയന്ത്രണ ശേഷിക്ക് ഉണ്ടാകുന്ന തകരാറ് കാരണമുള്ള മലദ്വാര ഭാഗത്തെ നനവ് ,എക്സിമ എന്ന ത്വക്ക് രോഗം, മലദ്വാര ഫിസ്റ്റുല ,ഫംഗൽ രോഗങ്ങൾ ,ലൈംഗിക രോഗങ്ങൾ, rectal prolapse എന്നിവയിലും മലദ്വാരഭാഗത്ത് അസഹ്യമായ ചൊറിച്ചിൽ ഉണ്ടായിരിക്കാം.
5) മലദ്വാര ഭാഗത്തെ തടിപ്പുകൾ-പൈൽസ് മൂന്നാംഘട്ടത്തിലും നാലാം ഘട്ടത്തിലും എത്തുമ്പോൾ മലദ്വാരത്തിന്റെ ചുറ്റിലുമായി കാണുന്ന തൊലിക്ക് തടിപ്പുകൾ ഉണ്ടാകുന്ന അവസ്ഥ സാധാരണമാണ് എന്നാൽ ഇത്തരം തടിപ്പുകൾ കാണുന്ന മറ്റ് അവസ്ഥകളാണ് പഴുപ്പ് നിറഞ്ഞ പരുക്കൾ, മലദ്വാര ക്യാൻസർ, പോളിപ്പുകൾ, മലദ്വാരഭാഗത്ത് ത്രോമ്പസ് എന്ന രക്തക്കട്ട വന്നു നിറയുക, rectal prolapse തുടങ്ങിയ അവസ്ഥകൾ.
പൈൽസ് രോഗം സ്ഥിതീകരിക്കുവാനായി ഡോക്ടർമാർ ചെയ്യുന്ന പരിശോധനകളും ടെസ്റ്റുകളും എന്തെല്ലാം?
പരിശോധനയ്ക്കു മുൻപായി ഡോക്ടർമാർ രോഗികളോട് നിലവിലുള്ള പ്രശ്നങ്ങളെയും പറ്റിയും ലക്ഷണങ്ങളെ പറ്റിയും വിശദമായി ചോദിച്ചു മനസ്സിലാക്കുന്നു .ഇത് രോഗനിർണയത്തിൽ അത്യന്താപേക്ഷിതമാണ്. ഇതിൽ വേദന ,തള്ളിവരൽ, രക്തസ്രാവം, ചൊറിച്ചിൽ, മലബന്ധം, മലത്തിൽ പഴുപ്പ് ,കഫം ,പത തുടങ്ങിയവയുടെ സാന്നിധ്യം മുതലായ കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കുന്നു.
അതിനുശേഷം ആണ് anoscopy/proctoscopy എന്നീ ടെസ്റ്റുകൾ അഥവാ ഉള്ളു പരിശോധനാ സംവിധാനങ്ങൾ ചെയ്യുന്നത്. ഇതിൽ anoscope/ proctoscope തുടങ്ങിയ ഉപകരണങ്ങൾ മലദ്വാരത്തിന് ഉള്ളിലേക്ക് കടത്തി മലദ്വാരത്തിന്റെ ഉള്ളിലെ അവസ്ഥകൾ നോക്കി മനസ്സിലാക്കുന്നു. ഇതിലൂടെ ക്യാൻസറിന്റെ സാന്നിധ്യവും മലദ്വാരത്തിന്റെ വീക്കം/ വ്രണങ്ങൾ ,പോളിപ്പുകൾ തുടങ്ങിയവയുടെ സാന്നിധ്യം, bleeding points, പഴുപ്പിന്റെ സാനിദ്ധ്യം, ഗുരുതരമായ tumour മാംസത്തിന്റെ സാന്നിധ്യം തുടങ്ങി ധാരാളം വസ്തുതകൾ മനസ്സിലാക്കാൻ സാധിക്കും എന്നാൽ സാധാരണയായി മലദ്വാര സങ്കോചത്തോടുകൂടിയ ഫിഷർ എന്ന അവസ്ഥയിൽ ഇത്തരം ഉള്ളു പരിശോധന അനസ്തേഷ്യ നൽകാതെ ചെയ്യുന്നതല്ല. രോഗം കൃത്യമായി നിർണയിക്കാൻ സാധിക്കാത്ത അവസ്ഥയിലും പ്രായമേറിയ രോഗികളിലും മറ്റു രോഗങ്ങളെ പറ്റിയുള്ള സൂചന ലഭിക്കുമ്പോഴും കൂടുതൽ വിശദമായ proctosigmoidoscopy, flexible sigmoidoscopy, colonoscopy,barium enema തുടങ്ങിയ പരിശോധനകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ എല്ലാ അവസ്ഥകളിലും ഇത്തരം വിശദമായ പരിശോധനകൾ ആവശ്യം വരാറില്ല. അത്യധികം രക്തസ്രാവ അവസ്ഥകളിൽ രോഗിയുടെ Hb ലെവൽ പരിശോധിക്കേണ്ടി വരാറുണ്ട് . Rectal prolapse പോലുള്ള അവസ്ഥകളിൽ എന്ന defecogram എന്ന എംആർഐ സ്കാനിംഗ് നിർദ്ദേശിക്കാറുണ്ട്. ഇത്തരം പരിശോധനകളിലൂടെ വിദഗ്ധനായ ഡോക്ടർക്ക് കൃത്യമായ ഒരു രോഗനിർണയത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നതാണ്.
പലതരം പൈൽസ് ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ തരത്തിൽ ആണ് ഉള്ളത്?
ആദ്യമായി പൈൽസിനെ രണ്ടായി തിരിക്കാവുന്നതാണ് ഒന്ന് ബാഹ്യാർശസ്.മറ്റൊന്ന് ആന്തരിക അർശസ്. പേര് സൂചിപ്പിക്കുന്നതുപോലെ ബാഹ്യയാർശസ് മലദ്വാരത്തിനുള്ളിലും ആന്തരികഅർശസ് മലദ്വാരത്തിന് വെളിയിൽ തടിപ്പ് പോലെയും കാണുന്നു. ബാഹ്യ ആർശസിന് ത്വക്കിന്റെ നിറവും ആന്തരിക അർശസ്സിന് പിങ്ക് അല്ലെങ്കിൽ ചുവന്ന നിറമോ ആയിരിക്കും.
ഗ്രേഡ് അനുസരിച്ച് പൈൽസിനെ വീണ്ടും നാലായി തരം തിരിച്ചിരിക്കുന്നു.
ഒന്നാം ഘട്ടത്തിൽ മലശോധന സമയത്ത് പുറത്തേക്ക് മാംസം പോലെ ഒന്നും തള്ളി വരില്ല എങ്കിലും ചിലരിൽ വേദന രഹിതമായ രക്തസ്രാവം കാണുന്നുണ്ട്. പ്രോക്ടോ സ്കോപ്പ് എന്ന ഉപകരണം കൊണ്ട് ഉള്ളു പരിശോധിക്കുമ്പോൾ വീർത്തു നിൽക്കുന്ന പൈൽസ് കാണാനാകും.
രണ്ടാം ഘട്ടത്തിൽ മല ശോധന സമയത്ത് മാംസം പോലെ വെളിയിലേക്ക് ഇറങ്ങി വരുമെങ്കിലും മലശോധന കഴിഞ്ഞ് വൃത്തിയാക്കി എണീക്കുമ്പോൾ തള്ളി വന്ന മാംസം താനെ തന്നെ ഉള്ളിലേക്ക് കേറി പോകുന്നതായി കാണാം. ഇതിലും വേദനരഹിത രക്തസ്രാവം ഉണ്ടായേക്കാം. ചിലരിൽ മലദ്വാര ഭാഗത്ത് ചൊറിച്ചിലോ തടിപ്പോ കൂടെ കാണാറുണ്ട്.
മൂന്നാം ഘട്ടം ആകുമ്പോഴേക്കും മലശോധന സമയത്ത് മാംസം പോലെ ഇറങ്ങി വരികയും താനേ ഉള്ളിലേക്ക് കയറി പോകാതിരിക്കുകയും വിരലുകൊണ്ട് മലദ്വാരത്തിനുള്ളിലേക്ക് തള്ളി വയ്ക്കേണ്ടി വരികയും ചെയ്യും. രണ്ടാംഘട്ടത്തിലെ മറ്റ് അസ്വസ്ഥതകളും കൂടിയ അവസ്ഥയിൽ മൂന്നാം ഘട്ടത്തിൽ കാണാവുന്നതാണ്. ചിലരിൽ കൊഴുത്ത ദ്രാവകം ചെറുതായി മലദ്വാ രം വഴി കിനിയുന്നതായി കാണുന്നുണ്ട്.
നാലാം ഘട്ടത്തിൽ മാംസം പോലുള്ള ആന്തരിക അർശസ് ബാഹ്യയർശസുമായി ചേർന്ന് സ്ഥിരമായി മലദ്വാരത്തിന് വെളിയിൽ തന്നെ കാണാവുന്നതാണ്. ഈ തടിപ്പുകൾ ഒരിക്കലും മലദ്വാരത്തിനുള്ളിലേക്ക് കയറിപ്പോകുന്നില്ല .ഈ അവസ്ഥയിൽ മൂന്നാം ഘട്ടത്തിലെ അസ്വസ്ഥതകൾ കൂടുതൽ ശക്തമാവുകയും വേദന ആരംഭിക്കുകയും കഫം പോലുള്ള ദ്രാവകം കൂടുതൽ ശ്രവിച്ചു പോവുകയും മലദ്വാര ഭാഗത്തുള്ള ചൊറിച്ചിൽ കൂടുതൽ ശക്തമാവുകയും മലം ചെറുതായി കിനിയുകയും മലദ്വാര രക്തസ്രാവത്തിന്റെ തോത് കൂടുതലാവുകയും ചെയ്യും.
പൈൽസിനെ അതിൻറെ സങ്കീർണതകൾ അനുസരിച്ച് ഈ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നത് ഓരോ ഘട്ടത്തിലും അനുവർത്തിക്കേണ്ട ചികിത്സ വ്യത്യസ്തമായതുകൊണ്ടാണ്. പ്രായോഗികമായി കാണുന്നത് എത്ര നേരത്തെ ചികിത്സ സ്വീകരിക്കുന്നുവോ അത്രയും സുഖകരമായി ഭേദപ്പെടുത്താനാകും എന്നതാണ്.
പൈൽസിനുള്ള വിവിധ ചികിത്സാ രീതികൾ
പൈൽസിന് നിലവിലുള്ള എല്ലാ തരം ചികിത്സകളെയും മൂന്നായി തിരിക്കാവുന്നതാണ്.
- ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ.
2 .സർജറി രഹിത ചികിത്സകൾ (non-operative/ Daycare procedures). - സർജറി (open/closed hemorrhoidectomy) , സ്റ്റാപ്ലർ സർജറി (stappled hemorrhoidectomy), DGHAL-RAR എന്നിവയാണ് പ്രധാനമായി വരുന്നത്.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ
പൈൽസ് മാത്രമല്ല എല്ലാ തരം മലദ്വാര സംബന്ധമായ രോഗങ്ങളും വരാതെ നോക്കാനും ചികിത്സയ്ക്കുശേഷം ആവർത്തിക്കാതിരിക്കാനും ഇത് പരമപ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▪️ഭക്ഷണത്തിൽ മതിയായ നാരുകളും ധാരാളം വെള്ളവും ഉൾപ്പെടുത്തുക
▪️ചിലയിനം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ഉദാഹരണമായി പരിപ്പ്, നട്ട്സ് ,കോഫി, മസാലകൾ അമിതമായ എരിവ്, വെള്ളമില്ലാത്ത ഭക്ഷണങ്ങൾ, ബ്രഡ്, ബിസ്ക്കറ്റുകൾ ,വറുത്തവ, റസ്ക് ,അമിതമായി ഫ്രൈ ചെയ്തെടുത്തവ, നെഞ്ചരിച്ചിലും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ,ആവർത്തിച്ച് ചൂടാക്കിയ ഭക്ഷണങ്ങൾ, മൈദയും മൈദ ഉൽപന്നങ്ങളും ,അമിത മാംസ ഉപയോഗം, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ, ഒത്തിരി കാലം സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണങ്ങൾ, മദ്യം, മറ്റു ലഹരി വസ്തുക്കൾ, മലവിസർജനത്തിനായി അമിതമായി മുക്കൽ, മലശോധനയ്ക്ക് തോന്നിയാൽ പോലും പോകാതെ പിടിച്ചു നിർത്തുക, വിസർജനത്തിനായി ഒത്തിരി സമയം ഇരിക്കുക എന്നിവയൊക്കെ ഒഴിവാക്കപ്പെടേണ്ടതാണ്. (മുൻപൊക്കെ ദിനപത്രവുമായി മരവിസർജനത്തിന് പോയ ശേഷം വിസർജനം കഴിഞ്ഞ ശേഷവും പത്രപാരായണം നടത്തി ഒത്തിരി സമയം ക്ലോസറ്റിൽ ഇരിക്കുന്ന സ്വഭാവം പലർക്കും ഉണ്ടായിരുന്നു .അതിപ്പോൾ മൊബൈൽ നോക്കിക്കൊണ്ട് ഇരിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു ഇത് തീർച്ചയായും ഒഴിവാക്കേണ്ട ഒന്നാണ്.)
▪️നീണ്ടുനിൽക്കുന്ന വയറിളക്കവും മലബന്ധവും പൈൽസിലേക്ക് നയിച്ചേക്കാം .
▪️മലദ്വാര ഭാഗത്തെ വേദനയ്ക്ക് 40 ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവ് ഉള്ള വെള്ളത്തിൽ രണ്ടു നേരം 15 മിനിട്ട് വീതം ഇരിക്കുന്നത് വേദന കുറയാൻ സഹായിക്കും. വെള്ളത്തിൽ ഉപ്പോ സോഡിയം പെർമാംഗനേറ്റ് തരികളോ ഉപയോഗിക്കേണ്ട ആവശ്യമില്ല .
▪️അമിതമായി വളർന്ന മലദ്വാര ഭാഗത്തെ മുടി നീക്കം ചെയ്തും വിസർജന ശേഷം അധിക വാസനയില്ലാത്ത മൃദുവായ സോപ്പ് കൊണ്ട് മലദ്വാര ഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ടും ഈർപ്പം ഇല്ലാതെ വയ്ക്കുന്നത് കൊണ്ടും പല രോഗങ്ങളും വരാതെ സൂക്ഷിക്കാൻ ആകും.
▪️ മലദ്വാര ഭാഗത്തെ വേദനയോടുള്ള വീക്കം കുറയുവാൻ ഐസ് പാക്ക് വയ്ക്കുന്നത് നല്ലതാണ്.
▪️ചെറിയ രീതിയിലുള്ള മലബന്ധം സ്ഥിരമായി അനുഭവപ്പെടുന്നവർ ഇസാബ് ഗോൾ ഹസ്ക്, ത്രിഫല ചൂർണ്ണം തുടങ്ങിയ മൃദു വിവേചന ഔഷധങ്ങൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പൈൽസിനുള്ള വിവിധതരം ഔഷധങ്ങൾ
പൈൽസിന് ഔഷധങ്ങൾ ഫലപ്രദമാണോ ?എത്രനാൾ കഴിക്കണം? പൂർണമായി ഭേദപ്പെടുമോ? അലോപ്പതി/ ആയുർവേദം/ ഹോമിയോ ഇവയിൽ ഏറ്റവും ഫലപ്രദം ഏതാണ്? പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾക്ക് ഫലപ്തിയുണ്ടോ ?തുടങ്ങി വിവിധതരം സംശയങ്ങളാണ് രോഗികളുടെ മനസ്സിൽ. ആധുനിക വൈദ്യത്തിലും ആയുർവേദ ശാസ്ത്രത്തിലും ഉപയോഗിക്കുന്ന ചില ഔഷധങ്ങളെ പരിചയപ്പെടാം.
ആധുനിക വൈദ്യത്തിലെ മരുന്നുകൾ
അലോപ്പതിയിൽ MPFFs (Micronized Purified Flavanoid Fractions) എന്നറിയപ്പെടുന്ന നാരക(citrus) വർഗ്ഗത്തിൽ പെട്ട ചെടികളിൽ നിന്നുമുള്ള സത്തുക്കൾ(extracts) ആണ് കൂടുതലായും ഉപയോഗിക്കുന്നത് .ഇത് ചെറിയ രക്തക്കുഴലുകളെ ബലപ്പെടുത്തി നീരും വീക്കവും കുറയ്ക്കുവാൻ സഹായിക്കുന്നതിനാൽ പൈൽസിന് താൽക്കാലിക ആശ്വാസം ലഭിക്കും. ഇതിൻറെ കൂടെ sitz bath, icepack എന്നിവയുടെ ഉപയോഗം കൂടുതൽ ആശ്വാസകരമാണ്.
MPFFs ന് FDA അംഗീകാരം ലഭിച്ചിട്ടില്ല എന്നാലും ലക്ഷണങ്ങൾ കുറയ്ക്കുന്നതായി അനുഭവങ്ങൾ തെളിയിക്കുന്നു.
കാൽസ്യം ഡോബിസിലേറ്റ്:-ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നു. രക്തക്കുഴലുകളെയും ലിംഫാറ്റിക് സിസ്റ്റത്തിനെയും ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ പൈൽസിന്റെ ലക്ഷണങ്ങളിൽ ആശ്വാസമുണ്ടാകും.
പുറമേയുള്ള ലേപനങ്ങൾ (Topical treatments):-വേദനസംഹാരി സ്വഭാവമുള്ള, അണുനാശക സ്വഭാവം ഉള്ള, രക്തക്കുഴലുകൾക്ക് സംരക്ഷണം നൽകുന്ന സ്വഭാവത്തോട് കൂടിയതും ചൊറിച്ചിൽ നശിപ്പിക്കുന്ന സ്വഭാവത്തോടുകൂടിയതും ആയ ഔഷധങ്ങൾ അടങ്ങിയ ലേഖനങ്ങളാണ് പൊതുവേ പൈൽസിന് നൽകുന്നത്. എന്നാൽ corticosteroid അടങ്ങിയ ഇത്തരം ലേഖനങ്ങൾ നീണ്ടനാൾ ഉപയോഗിക്കുന്നത് കൊണ്ട് (eg: smuth cream) മലദ്വാര ഭാഗത്തെ ചർമം നേർത്തു പോകാനും അവിടെ ശാശ്വതമായ കേടുപാടുകൾ ഉണ്ടാകുവാനും കാരണമാവുകയും ചെയ്യും എന്ന് ഓർമിക്കേണ്ടതാണ്. ചിലർക്ക് ഇതിൻറെ ഉപയോഗം കൊണ്ട് മൈഗ്രേൻ, ചൊറിച്ചിൽ പോലുള്ള പാർശ്വഫലങ്ങളും കാണുന്നുണ്ട്. ഇത്തരം ലേപനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് പൈൽസിന്റെ തള്ളലിനോ മലദ്വാരം വഴിയുള്ള രക്തസ്രാവത്തിനോ ആശ്വാസം ഉണ്ടാകും എന്ന് പരീക്ഷണങ്ങൾ വഴി തെളിയിച്ചിട്ടില്ല.
പൈൽസിനുള്ള ആയുർവേദ ഔഷധങ്ങൾ
അലോപ്പതി മരുന്നുകളെ കാൾ ഒരു വേള പൈൽസ് രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ആയുർവേദ ഔഷധങ്ങളെ ആയിരിക്കും .കൂടുതൽ ഫലപ്രാപ്തിയുള്ള മരുന്നുകളും ലേപനങ്ങളും താരതമ്യേന ആയുർവേദ ശാസ്ത്രത്തിലാണ് ഉള്ളത്. കൃത്യമായ പഥ്യനിഷ്ഠയോട് കൂടി ഒന്നോ രണ്ടോ മാസം ആയുർവേദ മരുന്നുകൾ ഉപയോഗിക്കുന്നത് പൈൽസിന്റെ എല്ലാ ഘട്ടങ്ങളിലും ആശ്വാസകരമാണ്. ഇത്തരം ഔഷധങ്ങൾ കൊണ്ട് പൈൽസ് രോഗം പൂർണമായി ഭേദപ്പെടുത്താമോ എന്ന ചോദ്യത്തിന് ഒന്നാം ഘട്ടത്തിലും രണ്ടാംഘട്ടത്തിന്റെ തുടക്കത്തിലും(early second stage) ഉള്ള പൈൽസുകൾ പൂർണമായി ചികിത്സിച്ച് രേഖപ്പെടുത്താം എന്നാണ് ഉത്തരം .എന്നാൽ വൈകിയ രണ്ടാം ഘട്ടം, മൂന്നും നാലും ഘട്ടങ്ങളിൽ വേദന ,രക്തസ്രാവം, പുകച്ചിൽ ,രോഗാണുബാധ തുടങ്ങിയ ലക്ഷണങ്ങൾക്ക് ആശ്വാസമുണ്ടാകുമെങ്കിലും ഔഷധങ്ങൾ കൊണ്ട് പൈൽസിന്റെ തള്ളലിന് വലിയ വ്യത്യാസം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഔഷധങ്ങൾ നിർത്തി മാസങ്ങൾക്ക് ശേഷം ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗം സങ്കീർണ്ണം ആകാതെ നിയന്ത്രിച്ചു കൊണ്ടുപോകുവാൻ ആയുർവേദ ഔഷധങ്ങളും ലേപനങ്ങളും വളരെയധികം ഫലപ്രദമാണ്. (വൈദ്യുനിർദ്ദേശമില്ലാതെ ഉപയോഗിക്കപ്പെടും എന്നതിനാൽ ആയുർവേദ മരുന്നുകളുടെ പേരുകൾ ഇവിടെ പങ്കുവയ്ക്കുന്നില്ല)
പൈൽസിനുള്ള സർജറി രഹിത ചികിത്സകൾ (Non-surgical treatments)
ചെറിയ ലക്ഷണങ്ങളോടുകൂടിയ ആദ്യഘട്ടത്തിലെ പൈൽസിലും ശസ്ത്രക്രിയയ്ക്ക് പല ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടും വിധേയനാകാൻ കഴിയാത്ത രോഗികൾക്കും ആണ് സാധാരണയായി ഇത്തരം ചികിത്സകൾ നിർദ്ദേശിക്കുന്നത്.
പ്രധാനമായും RBL (Rubber Band Ligation),sclerotherapy, Infra Red Coagulation (IRC), Bipolar Diathermy, cryotherapy,laser treatment തുടങ്ങിയവയാണ് സർജറി രഹിത ചികിത്സകളിൽ പ്രധാനമായി വരുന്നത്. അനസ്തേഷ്യ ഇല്ലാതെയോ ,ലോക്കൽ അനസ്തേഷ്യയിലോ ചികിത്സ സ്വീകരിച്ച ശേഷം രോഗികൾക്ക് അന്ന് തന്നെ വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ഓരോ ചികിത്സയെ പറ്റിയും വിശദമായി ചുവടെ നൽകിയിരിക്കുന്നു.
സ്ക്ലീറോതെറാപ്പി :- രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിൽ ഉണ്ടായിരുന്ന ഒരു ചികിത്സാരീതിയാണിത്. പൈൽസിലെ രക്തക്കുഴുകളെ ഒരുതരം കട്ടിയുള്ള കലകളായി (fibrosis) മാറ്റുകയാണ് ചെയ്യുന്നത്. മുൻപൊക്കെ ഫീനോൾ ,ബദാം തൈലം (almond oil) തുടങ്ങിയവയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എങ്കിൽ ഇപ്പോൾ പൊലീഡോകനോള്‍ പോലുള്ള കൂടുതൽ മെച്ചപ്പെട്ട മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത് പൊതുവായി പൈൽസിന്റെ ഇഞ്ചക്ഷൻ ചികിത്സ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് പൈൽസിന്റെ ഏറ്റവും പുറമേയുള്ള ആവരണമായ ശ്ലേഷ്മ സ്തരത്തിന് താഴെയുള്ള ഭാഗത്ത് (submucosa)ഒരു ഇഞ്ചക്ഷൻ രൂപേണ കുത്തിവെക്കുമ്പോൾ ഇത് കാരണമുള്ള ഇറിറ്റേഷൻ കൊണ്ട് വീക്കവും നീരും അത് കഴിഞ്ഞ് കാലക്രമേണ ഫൈബ്രോസിസ് നടന്നു ഒരു തരം കട്ടിയുള്ള കലകൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. പൊതുവേ അധികം തള്ളൽ ഇല്ലാത്ത ഒന്നാം ഘട്ടത്തിലെ പൈൽസിലാണ് ഇത് കൂടുതൽ ഫലപ്രദമായി കാണുന്നത്. മൂന്നും നാലും ഘട്ടത്തിലുള്ള പൈൽസിൽ ഒരു കാരണവശാലും ഈ ചികിത്സ ഉപയോഗിക്കാറില്ല കാരണം പൈൽസിൽ അണുബാധയും വ്രണങ്ങളും നീരും ഉണ്ടായി സങ്കീർണ്ണതകളിലേക്ക് നയിക്കാറുണ്ട് ചിലപ്പോൾ ഫിസ്റ്റുലയും വന്നേക്കാം ഇത്തരം ചികിത്സ ചെയ്യുന്നതിന് സാധാരണ അനസ്തേഷ്യയുടെ ആവശ്യമില്ല ചികിത്സ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീട്ടിലേക്ക് പോകാം.
ക്രയോ തെറാപ്പി :- 1990 കളിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വളരെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരുന്ന പൈൽസിനുള്ള “കരിക്കൽ” ചികിത്സ എന്ന പേരിൽ അറിയപ്പെട്ടു കൊണ്ടിരുന്ന ചികിത്സയാണിത്. തുടക്കത്തിൽ ബാഹ്യ അർശസിനും ആന്തരിക അർശസിനും വളരെ ഫലപ്രദം എന്ന് പ്രചരിച്ചു കൊണ്ടിരുന്ന ഈ ചികിത്സ ഇപ്പോൾ ചെയ്യുന്നില്ല, കാരണം ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളും സങ്കീർണതകളും ഇത് ഡോക്ടർമാർക്ക് അനഭിമതനായികളഞ്ഞു. അതുപോലെ തന്നെ ഇതിനേക്കാൾ നല്ല ചികിത്സ വേറെ ലഭ്യമായതിനാൽ ഇപ്പോൾ പൈൽസിനുള്ള ഒരു ചികിത്സയായി ക്രയോ സർജറി പരിഗണിക്കുന്നില്ല. ഗവേഷണങ്ങൾ പറയുന്നതും പൈൽസിന് ഈ ചികിത്സ അത്ര മികച്ചതല്ല എന്നാണ്. ഇതിൻറെ ഒരു പ്രധാനപ്പെട്ട പാർശ്വഫലം ചികിത്സയ്ക്കുശേഷം തുടർച്ചയായി ഒരാഴ്ചയോളം മലദ്വാര ഭാഗത്തുനിന്നും ഉണ്ടാകുന്ന ദുർഗന്ധത്തോടുകൂടിയ സ്രവമാണ്. ഇതുണ്ടാകുന്നത് വളരെ താഴ്ന്ന ഊഷ്മാവിൽ ഉള്ള (-72°c) നൈട്രജൻ ഡയോക്സൈഡ് കൊണ്ട് ശീതീകരിക്കപ്പെട്ട് നശിച്ചുപോയ പൈൽസിന്റെ അഴുകലിൽ(necrosis) നിന്നുമാണ്. ചിലപ്പോൾ ഇത്തരം താഴ്ന്ന ഊഷ്മാവ് കാരണം മലദ്വാര ഭാഗത്തെ വലയെപേശികൾക്ക് (internal sphincter) കേടുപാടുണ്ടായി മലനിയന്ത്രണ ശേഷി തകരാറോ സങ്കോചമോ ഉണ്ടാകാറുണ്ട്.
ഇൻഫ്രാ റെഡ് കോയാകുലേഷൻ :- ഒന്നും രണ്ടും ഘട്ടങ്ങളിലെ പൈൽസിന് വളരെ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംവിധാനമാണിത്. താരതമ്യേന മികച്ച ഫലപ്രാപ്തിയുള്ള ഒരു ചികിത്സയാണിത്. ഇതിൽ പ്രധാനമായി ചെയ്യുന്നത് പൈൽസിലേക്ക് പോകുന്ന രക്തക്കുഴലുകളെ ഏകദേശം മൂന്ന് മില്ലിമീറ്റർ ആഴത്തിൽ ഇൻഫ്രാ റെഡ് വികിരണങ്ങൾ ഉപയോഗിച്ചുകൊണ്ട് നശിപ്പിക്കുന്നതാണ്. അനസ്തേഷ്യയുടെ ആവശ്യമില്ലാതെ, ആശുപത്രിയിൽ കിടക്കാതെ ചെയ്യാവുന്ന ലഘുവായ ഒരു ചികിത്സാക്രമമാണിത് . സാധാരണ രീതിയിൽ ചികിത്സയ്ക്ക് ശേഷം ഡ്രസ്സിംഗ് ആവശ്യമില്ല. വലിയ വേദനയും ഉണ്ടാകാറില്ല. എന്നിരുന്നാലും ചെറിയ ചില സങ്കീർണതകൾ കാണുന്നുണ്ട്. ചില രോഗികൾ ശക്തമായ വേദന പറയുന്നതിന് കാരണം മലദ്വാരത്തിന്റെ സംവേദന ക്ഷമമുള്ള ഭാഗത്ത് ചികിത്സ ചെയ്യുന്നതുകൊണ്ടാണ്. ചിലരിൽ അമിത രക്തസ്രാവവും മലദ്വാര സങ്കോചവും ഉണ്ടായേക്കാം.
DGHAL (Doppler Guided Hemorrhoidal Artery Ligation) :- 1995 ൽ kazumasa Morinaga എന്ന ജാപ്പനീസ് സർജൻ കണ്ടെത്തിയ പൈൽസ് ചികിത്സയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചികിത്സയാണ് DGHAL . അൾട്രാ സൗണ്ട് അടിസ്ഥാനമാക്കിയ ഒരു ഡോപ്ലർ മെഷീൻ ഘടിപ്പിച്ച പ്രത്യേകതരത്തിലുള്ള പ്രോട്ടോസ്കോപ്പ് (മലദ്വാരത്തിന് ഉള്ളിൽ കടത്തി പരിശോധിക്കുന്ന ഉപകരണം) ഉപയോഗിച്ചുകൊണ്ട് പൈൽസിലേക്ക് പോകുന്ന രക്തക്കുഴലുകളെ കൃത്യതയോടെ കണ്ടുപിടിക്കുകയും ഈ രക്തക്കുഴലുകളെ ശരീരത്തിൽ അലിഞ്ഞു പോകുന്ന തരത്തിലുള്ള ഒരു തുന്നൽ ഇട്ട് പൈൽസിലേക്കുള്ള രക്തയോട്ടം വിച്ഛേദിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതുകാരണം കാലക്രമേണ പൈൽസ് ചുരുങ്ങുകയും ആവർത്തന സാധ്യതയില്ലാതെ വറ്റിപ്പോവുകയും ചെയ്യുന്നു.ഇതുകൊണ്ട് ഒന്നാം ഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും പൈൽസിന്റെ തള്ളൽ, രക്തസ്രാവം, അനുബന്ധ അസ്വസ്ഥതകൾ എന്നിവ പൂർണമായും ഭേദപ്പെടുന്നു. വളരെ ലളിതമാണ് ഈ ചികിത്സ എന്നത് ഇതിൻറെ പ്രത്യേകതയാണ്. ലോക്കല് ഫൈനൽ സ്റ്റേഷനിലോ ഈ ചികിത്സ ചെയ്യാവുന്നതാണ്. മാത്രമല്ല എല്ലാ ഘട്ടത്തിലുള്ള പൈൽസിലും ഇത് വളരെ ഫലപ്രദമാണ്. അനുബന്ധ സങ്കീർണതകളായ രോഗാണു സംക്രമണം ത്രോമ്പസ് എന്ന രക്തക്കട്ട ഉണ്ടാവുക സെല്ലുലൈറ്റിസ് abscess എന്ന പരു ഉണ്ടാകുക, ചികിത്സാനന്തര രക്തസ്രാവം തുടങ്ങിയവ ഈ ചികിത്സയിൽ തുലോം കുറവാണ്.
RECTOANAL REPAIR/ MUCOPEXY :- മൂന്നും നാലും ഘട്ടത്തിലുള്ള പൈൽസിൽ DGHAL നോടൊപ്പം പുറത്തേക്ക് തള്ളിവരുന്ന പൈൽസിൻ്റെ ഭാഗങ്ങൾ ആയ mucosa യെയും submucosa യേയും മലദ്വാരത്തിന്റെ ഉള്ളിൽ യഥാസ്ഥാനത്ത് വച്ച് ശരീരത്തിൽ ആഗിരണം ചെയ്തു പോകുന്ന തുന്നലുകൾ ഉപയോഗിച്ച് ഫിക്സ് ചെയ്യുകയും കാലക്രമേണ fibrotic tissue (കട്ടിയുള്ള ഒരുതരം കലകൾ) ഉണ്ടായി ഇത്തരം തള്ളലുകൾ മലദ്വാര ഭിത്തിയിലോട്ട് ചേർന്നു പോവുകയും ചെയ്യുന്നു. ഇപ്രകാരം മൂന്നാംഘട്ടത്തിലെയും നാലാം ഘട്ടത്തിലെയും തള്ളൽ ഒഴിവാക്കാനാകും.
ഇന്ന് നിലവിൽ ചെയ്തുവരുന്ന സ്റ്റാപ്ലർ ചികിത്സയെക്കാളും ലേസർ ചികിത്സയെക്കാളും( stapled hemorrhoidectomy/ stapled hemorrhoidopexy and laser treatment) ഉയർന്ന ഫലപ്രാപ്തിയും ഏറ്റവും കുറഞ്ഞ ആവർത്തനസാധ്യതയും സങ്കീർണതകളും ഉള്ള ചികിത്സ ആയതിനാൽ നിലവിലുള്ള എല്ലാ ചികിത്സക്കാളും ഏറ്റവും മികച്ച ചികിത്സയായി ആണ് DGHAL-RAR എന്ന ചികിത്സയെ വിലയിരുത്തുന്നത്. നിർഭാഗ്യവശാൽ ഇതിൽ പ്രായോഗിക പരിശീലനവും അനുഭവസമ്പത്തും ഉള്ള സർജന്മാർ കുറവാണ്. ഭാവിയിൽ ഈ ചികിത്സ കൂടുതൽ സ്വീകാര്യമാവുകയും പ്രചാരത്തിൽ ആവുകയും ചെയ്യുക തന്നെ ചെയ്യും.
സ്റ്റാപ്ലർ ചികിത്സ( stapled hemorrhoidopexy) : – 1995 ൽ Longo എന്ന് സർജനാണ് ഈ ചികിത്സാ പദ്ധതി ആവിഷ്കരിച്ചത്. ഇതിൽ മലദ്വാരത്തിന് 3 മുതൽ 5 സെൻറീമീറ്റർ മുകളിലുള്ള ഭാഗം വൃത്താകൃതിയിൽ ഉള്ള ഒരു ബ്ലൈഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം സ്റ്റാപ്ലർ പോലുള്ള പിൻ ഉപയോഗിച്ച് മുറിച്ച രണ്ടു ഭാഗത്തെയും ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. ഇതുവഴി മുറിച്ച് നീക്കം ചെയ്യുന്ന വടയുടെ ആകൃതിയിലുള്ള ഭാഗത്തേക്ക് തള്ളി നിൽക്കുന്ന പൈൽസ് മുകളിലേക്ക് കയറുകയും യഥാസ്ഥാനത്തേക്ക് വരികയും ചെയ്യുന്നു. ഇതിൽ യഥാർത്ഥത്തിൽ പൈൽസിനെ അല്ല മുറിച്ച് നീക്കം ചെയ്യുന്നത്, പകരം പൈൽസിന് മുകളിലുള്ള മ്യൂക്കോസയെ ആണ്. ഈ ചികിത്സയുടെ പൂർണ്ണമായ വിജയത്തിന് വളരെ പ്രാഗല്ഭ്യവും ചികിത്സ പരിചയവും ഉള്ള ഡോക്ടർമാർ തന്നെ ചെയ്യേണ്ടതാണ്. ഈ ചികിത്സയിലുണ്ടാകുന്ന പിഴവുകൾ ഗുരുതരമായ പല സങ്കീർണ്ണതകളിലേക്കും നയിക്കാറുണ്ട്. രണ്ടാം ഘട്ടത്തിലെയും മൂന്നാം ഘട്ടത്തിലെയും വടയുടെ ആകൃതിയിലുള്ള( circumferential) പൈൽസിൽ മാത്രമേ ഇത് അനുയോജ്യമായിട്ടുള്ളൂ. എന്നാൽ മിക്കവാറും രോഗികളിൽ മലദ്വാരം ഒരു ക്ലോക്കിന്റെ ഡയലായി സങ്കൽപ്പിച്ചാൽ 3 ,7 ,11 എന്നീ അക്കങ്ങൾ എഴുതിയിരിക്കുന്ന ഭാഗത്ത് മാത്രമേ പൈൽസ് കാണാറുള്ളൂ .വടയുടെ ആകൃതിയിൽ വരുന്ന പൈസുകൾ താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ എല്ലാ പൈൽസ് രോഗികളിലും ഈ ചികിത്സ അനുയോജ്യമല്ല .എന്നാൽ നിർഭാഗ്യവശാൽ നിലവിലുള്ള പല ആശുപത്രികളും മറ്റ് അവസ്ഥകളിൽ ഉള്ള പൈൽസ് രോഗികളെയും ഇത്തരം ചികിത്സ ചെയ്യുന്നതിനാൽ ,ചികിത്സ പരാജയപ്പെടുകയോ മറ്റു സങ്കിർണതകൾക്കു കാരണമാവുകയോ ചെയ്യാറുണ്ട്. ഈ ചികിത്സ കണ്ടുപിടിച്ച സമയത്ത് വേദന രഹിതമായ ഒരു ചികിത്സയായും ആവർത്തന സാധ്യതയില്ലാത്തതും സങ്കീർണതകൾ ഇല്ലാത്തതും അധികം ബെഡ് റസ്റ്റ് വേണ്ടാത്ത ചികിത്സ ആയിട്ടും ആണ് കരുതിയിരുന്നത്. എന്നാൽ അനുഭവങ്ങൾ തെളിയിക്കുന്നത് ഇത് അത്രത്തോളം മികച്ച ചികിത്സ അല്ല എന്നാണ്. ചില രോഗികൾക്ക് ഈ ചികിത്സയ്ക്ക് ശേഷം വിട്ടുമാറാതെ നിൽക്കുന്ന വലദ്വാര വേദന, ഇടയ്ക്കിടയ്ക്ക് മലവിസർജനത്തിനായി തോന്നൽ ഉണ്ടാവുക, ശക്തമായ രക്തസ്രാവം, മലദ്വാരത്തിന് മുകളിലുള്ള rectum(മലാശയം) എന്ന അവയവത്തിന് ഉണ്ടാകുന്ന കേടുപാടുകൾ, അണുബാധ കാരണം ഉണ്ടാകുന്ന സങ്കീർണതകൾ(pelvic sepsis), കട്ട് (misfire)ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന rectovaginal fistula, തുന്നലിലെ stapler pin ഇളകി പോവുക, മലദ്വാര സങ്കോചവും മലദ്വാര ഫിഷറും ഉണ്ടാകുവാൻ കാരണമാവുക, മലനിയന്ത്രണശേഷി തകരാറുകൾ തുടങ്ങിയവ ഈ ചികിത്സയുടെ സങ്കീർണതകളായി പരിഗണിക്കപ്പെടുന്നു.
ഗവേഷണങ്ങൾ പറയുന്നത് സാധാരണ സർജറിയെക്കാളും ഈ ചികിത്സയ്ക്ക് വിജയ സാധ്യത കുറവാണ് എന്നാണ്.
പൈൽസ് രോഗത്തിനുള്ള സർജറികൾ (Surgical Hemorrhoidectomy)
പൈൽസിനായി ചെയ്യുന്ന സർജറി പ്രധാനമായും രണ്ടുവിധത്തിലാണ് കാണുന്നത്
1.open method (Milligan-Morgan Hemorrhoidectomy)
2. Closed method (Ferguson’s hemorrhoidectomy)
എല്ലാ ഘട്ടത്തിലുള്ള പൈൽസുകളെയും ഈ രണ്ടു ചികിത്സാ രീതികൾ വഴി ചികിത്സിക്കാൻ ആവുമെങ്കിലും മൂന്നാം ഘട്ടത്തിലെയും നാലാം ഘട്ടത്തിലെയും പൈൽസുകളെയാണ് കൂടുതൽ സർജറിക്ക് വിധേയമാക്കുന്നത്. ഇതിൽ ബാഹ്യ അർശസിനെയും ആന്തരിക അർശ സിനെയും മുറിച്ചു നീക്കം ചെയ്യുകയും രക്തസ്രാവം ഒഴിവാക്കുന്നതിനായി പൈൽസിന്റെ മുകളിലുള്ള രക്തക്കുഴലിൽ ശരീരത്തിൽ അലിഞ്ഞു പോകുന്ന ത്രഡ് കൾ ഉപയോഗിച്ച്(vicryl) തുന്നലിടുകയും ചെയ്യുന്നു (pedicle ligation). ഇപ്രകാരത്തിൽ ഉണ്ടാകുന്ന മുറിവുകളെ തുന്നലിട്ട് ചേർത്തുവയ്ക്കുകയാണ് closed method ൽ ചെയ്യുന്നത് ,എന്നാൽ ഓപ്പൺ മെത്തേഡിൽ തുന്നലിടാതെ തുറന്നു വച്ച് മുറിവുകൾ ഉണങ്ങുവാൻ(secondary healing) അനുവദിക്കുന്നു.
സർജറിക്ക് ശേഷം രോഗികളോട് ഒരു ദിവസം തന്നെ പലവട്ടം 20 മിനിറ്റ് ചെറുചൂടുവെള്ളത്തിൽ ഇരിക്കുവാനും (sitz bath),മുറിവിൽ അണുനാശകവും മുറിവുണങ്ങാൻ സഹായിക്കുന്നതുമായ ലേപനങ്ങൾ പുരട്ടുവാനും മലബന്ധം ഉണ്ടാകാതിരിക്കുവാൻ laxatives ഉം നിർദ്ദേശിക്കാറുണ്ട്. ഭക്ഷണത്തിൽ ധാരാളം നാരുകൾ ഉൾപ്പെടുത്തേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതും ഉണ്ട്.
സർജറിയുടെ സങ്കീർണതകൾ
” മൂത്ര തടസ്സം, സർജറിക്ക് ശേഷം ഉള്ള മലദ്വാര രക്തസ്രാവം, മലദ്വാരം ചുരുങ്ങി പോവുക, മലദ്വാര ഫിഷർ, abscess എന്ന പരു ഉണ്ടാകുക, ഫിസ്റ്റുല വരുക, മലനിയന്ത്രണ ശേഷി തകരാറ് ,അതിശക്തമായ വേദന തുടങ്ങിയവയെല്ലാം സർജറിയുടെ സങ്കീർണതകളാണ് “
ലേസർ സർജറി : – പൈൽസിന്റെ സർജറി കളിൽ ഏറ്റവും ആധുനികമായ സംവിധാനമാണ് ലേസർ സർജറി. 1 ,2 ഘട്ടങ്ങളിൽ ലേസർ ചികിത്സ വളരെ മികച്ച ഫലപ്രാപ്തി തരുന്നുണ്ടോ എങ്കിലും മൂന്നും നാലും ഘട്ടങ്ങളിൽ ആവർത്തനസാധ്യത കൂടുതലും ഫലപ്രാപ്തി കുറവുമാണ് പഠനങ്ങൾ കാണിക്കുന്നത്. പലരും വിചാരിക്കുന്നത് പോലെ ഇതൊരു വേദന രഹിത ചികിത്സയല്ല ഒന്നോ രണ്ടോ ആഴ്ച മലദ്വാരഭാഗത്ത് പുകച്ചിൽ ഉണ്ടായി കാണുന്നുണ്ട്. വടയുടെ ആകൃതിയിലുള്ള വലിയ പൈൽസിലും നാലാം ഘട്ടത്തിലെ പൈൽസിലും ലേസർ ചികിത്സ അസാധ്യമാണ്. പല ആശുപത്രികളും ലേസർ ചികിത്സയെ ഒരു magic tool ആക്കി ഉയർത്തിപ്പിടിച്ചുകൊണ്ട് വലിയ തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. DGHAL -RAR മായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ലേസർ ചികിത്സയിൽ നിന്നും ലഭിക്കുന്നത്.
- പൈൽസ് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം?
- പൈൽസ് രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?
- മറ്റുള്ള മലദ്വാര രോഗങ്ങളിൽ നിന്നും ലക്ഷണങ്ങൾ കൊണ്ട് പൈൽസിനെ എങ്ങനെ തിരിച്ചറിയാം?
- പൈൽസ് രോഗം സ്ഥിതീകരിക്കുവാനായി ഡോക്ടർമാർ ചെയ്യുന്ന പരിശോധനകളും ടെസ്റ്റുകളും എന്തെല്ലാം?
- പലതരം പൈൽസ് ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ തരത്തിൽ ആണ് ഉള്ളത്?
- ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ
- പൈൽസിനുള്ള ആയുർവേദ ഔഷധങ്ങൾ
- പൈൽസിനുള്ള സർജറി രഹിത ചികിത്സകൾ (Non-surgical treatments)
- പൈൽസ് രോഗത്തിനുള്ള സർജറികൾ (Surgical Hemorrhoidectomy)